ന്യൂഡൽഹി: എണ്ണ ആവശ്യമുള്ള ഏത് രാജ്യത്തിനും ഇറാൻ എണ്ണ നൽകാൻ തയ്യാറാണെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി പ്രസ്താവിച്ചു. അമേരിക്കയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളറിലേക്ക് കുതിച്ചുയർന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.
സംഘർഷ സാഹചര്യത്തിൽ വിശ്വസനീയ പങ്കാളിയായതിൽ ഇന്ത്യക്ക് നന്ദി അറിയിച്ച അംബാസഡർ, ഇറാൻ ബന്ധമുള്ള കപ്പലുകളെ ഉപരോധിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ ശക്തമായി വിമർശിച്ചു. 2019-ൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയിരുന്നു.
ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനത്തെ നാറ്റോ സഖ്യരാജ്യങ്ങൾ പിന്തുണയ്ക്കുന്നില്ല. ഇറാൻ ഈ ഉപരോധത്തെ ശക്തമായി എതിർത്തുകൊണ്ട്, തുറമുഖങ്ങൾ ആക്രമിക്കുകയാണെങ്കിൽ, പേർഷ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും ഉള്ള തുറമുഖങ്ങൾ ഒന്നും തന്നെ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നൽകി.
Photo and News Source: Media Mangalam


