വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതിന് പിന്നാലെ ഇന്ധനവില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളെ മറയാക്കി എണ്ണക്കമ്പനികളെ സഹായിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വില വർധിച്ചപ്പോൾ സബ്സിഡി നൽകി ജനങ്ങൾക്ക് ആശ്വാസം പകർന്ന യുപിഎ സർക്കാരിന്റെ മാതൃക കേന്ദ്രം പിന്തുടരുന്നില്ലെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ അമിതമായ നികുതിയാണ് ഇന്ധനവില കുതിച്ചുയരാൻ പ്രധാന കാരണം. നികുതി കുറയ്ക്കുന്നതിന് പകരം ജനങ്ങളെ വിലക്കയറ്റത്തിലേക്ക് തള്ളിവിടാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇന്ധനവില വർധനവ് ഗുരുതരമായി ബാധിക്കുമെന്നും, ചരക്ക് ഗതാഗത ചെലവ് വർധിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതകൾക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നേരത്തെ വാണിജ്യ ഗ്യാസ് സിലണ്ടറിന്റെ വില 993 രൂപയായി വർധിപ്പിച്ചത് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇന്ധനവില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 16 ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു.
Photo and News Source: Kerala Kaumudi Latest








