വടകരയിലെ തിരുവള്ളൂർ ചാനിയംകടവിൽ യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽ പോലീസ് അതിക്രമം നടത്തിയെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുല്ല രംഗത്തെത്തി. പോലീസിലെ ചില ഉദ്യോഗസ്ഥർ സിപിഎമ്മിന്റെ റെഡ് വളണ്ടിയർമാരെപ്പോലെ പെരുമാറുന്നതായി അദ്ദേഹം ആരോപിച്ചു. യുഡിഎഫ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം അഴിച്ചുവിട്ടതിന് പിന്നാലെ, സിദ്ദീഖ് എന്ന യുഡിഎഫ് പ്രവർത്തകനെ പോലീസ് പ്രതി ചേർത്തതായും അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് അദ്ദേഹം കോഴിക്കോട് റൂറൽ എസ്പിയെ കണ്ട് പരാതി നൽകി. പാതിരാത്രിയിൽ പരിശോധന നടത്തിയ വടകര പോലീസ്, പ്രസവിച്ചു കിടക്കുന്ന സിദ്ദീഖിന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്ന് പാറക്കൽ അബ്ദുല്ല പറഞ്ഞു. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പരാമർശങ്ങളും നടത്തിയതായി അദ്ദേഹം ആരോപിച്ചു. ചട്ടം മറന്ന് പ്രവർത്തിക്കുന്ന പോലീസുകാർക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സിപിഎം നൽകുന്ന തിരക്കഥയ്ക്കനുസരിച്ചാണ് വടകരയിലെ പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നാണ് യുഡിഎഫ് ഉയർത്തുന്ന ആക്ഷേപം. കുറ്റ്യാടി മണ്ഡലം കയ്യിൽ നിന്ന് വഴുതിപ്പോകുമെന്ന ഭയത്തിലാണ് സിപിഎം മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിന് മുൻപ് തോടന്നൂരിലെ ബിതുൽ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞ് സിപിഎം അക്രമത്തിന് തുടക്കം കുറിച്ചിരുന്നു.
Photo and News Source: Kvartha



