ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയതിന് പിന്നാലെ, വിരാട് കോഹ്‌ലി നടത്തിയ 'നിശബ്ദ' ആഘോഷം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. സാധാരണ സെഞ്ച്വറി നേടുമ്പോൾ ഹെൽമറ്റ് ഊരി ആവേശത്തോടെ ആഘോഷിക്കാറുള്ള കോഹ്‌ലി, ഇത്തവണ വളരെ ശാന്തനായാണ് കാണപ്പെട്ടത്. വ്യക്തിഗത നേട്ടത്തേക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് മത്സരശേഷം താരം വ്യക്തമാക്കി.
സമ്മാനദാന ചടങ്ങിൽ സംസാരിക്കവെ കോഹ്‌ലി തന്റെ നിലപാട് ഇങ്ങനെ വിശദീകരിച്ചു: "സെഞ്ച്വറി ആഘോഷിക്കാതിരുന്നത് ഈ ഘട്ടത്തിൽ ടീമിന് ലഭിക്കേണ്ട രണ്ട് പോയിന്റുകളുടെ പ്രാധാന്യം എനിക്കറിയാവുന്നത് കൊണ്ടാണ്. ടീമിന് മികച്ച തുടക്കം നൽകുക എന്നതിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഞാൻ കൂടുതൽ നേരം ക്രീസിൽ നിന്നാൽ ടീമിന് വിജയസാധ്യത കൂടുമെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ വ്യക്തിഗത നേട്ടത്തേക്കാൾ ടീമിനെ വിജയത്തിലെത്തിക്കുന്നതിനായിരുന്നു എന്റെ മുൻഗണന."
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്റെ നിരാശ കോഹ്‌ലി മറച്ചുവെച്ചില്ല. കൊൽക്കത്തക്കെതിരെ നേരിട്ട ആദ്യ പന്തിൽ തന്നെ സിംഗിൾ എടുത്തപ്പോൾ, ഒരു സെഞ്ച്വറി നേടിയ ആവേശത്തിലായിരുന്നു അദ്ദേഹം അത് ആഘോഷിച്ചത്. കഴിഞ്ഞ രണ്ട് കളികളിൽ റൺസ് കണ്ടെത്താൻ കഴിയാതിരുന്നത് തന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നതായി താരം സമ്മതിച്ചു.
കൊൽക്കത്ത ഉയർത്തിയ 193 റൺസ് പിന്തുടർന്ന ആർസിബിക്ക് വേണ്ടി 105 റൺസുമായി പുറത്താകാതെ നിന്ന കോഹ്‌ലി, ടീമിനെ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ഈ ഇന്നിങ്‌സോടെ പ്ലേ ഓഫ് സാധ്യതകൾ ആർസിബി സജീവമാക്കി. കൂടാതെ, ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന സ്വന്തം റെക്കോർഡ് കോഹ്‌ലി വീണ്ടും തിരുത്തിക്കുറിച്ചു.
Photo and News Source: Suprabhaatham







