വേനലിൽ ശരീരത്തിന് ജലാംശം നൽകുന്ന പ്രധാന ഭക്ഷണമാണ് കക്കരി. ജലാംശം അധികമുള്ള കക്കരി വേനൽക്കാല ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ ജലാംശം നിലനിർത്താൻ സഹായിക്കും.

കണ്ണിന് ചുറ്റുമുള്ള വീക്കവും ഡാർക്ക് സർക്കിളും കുറയ്ക്കാൻ കക്കരി വട്ടത്തിൽ അരിഞ്ഞ് കണ്ണിനുമുകളിൽ വയ്ക്കാം. വെള്ളരിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കെ, ആന്റി ഓക്സിഡന്റുകൾ ചർമത്തിന് നിറം നൽകാനും ഓക്സീകരണ സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു.

വെള്ളരിക്കയിലെ ഉയർന്ന ജലാംശം കണ്ണിനും ചുറ്റുമുള്ള ചർമത്തിനും തണുപ്പും ഈർപ്പവും നൽകുന്നു. വെള്ളരിക്ക കഷ്ണങ്ങൾ തണുപ്പിച്ച് 10-15 മിനിറ്റ് കണ്ണടച്ച് വിശ്രമിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

പ്രകൃതിദത്ത ടോണറാണ് വെള്ളരി. വെള്ളരി നീര് മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിനുശേഷം കഴുകാം. വെള്ളരി, തേൻ, കറ്റാർവാഴ അല്ലെങ്കിൽ തൈര് ചേർത്ത പാക്ക് 10-15 മിനിറ്റ് മുഖത്ത് വെച്ച് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകാം. ചർമ സുഷിരങ്ങൾ ശക്തമാക്കുന്നതിനും അഴുക്ക് നീക്കുന്നതിനും ഈ പാക്ക് ഫലപ്രദമാണ്.

Photo and News Source: Samakalika Malayalam