കോഴിക്കോട്: സ്വകാര്യ ലോഡ്ജിലൂടെ ലഹരി വിൽപ്പന നടത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാടംപള്ളിയിലെ അയോധ്യാ ഹൗസിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബേപ്പൂർ സ്വദേശി അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്. വിൽപ്പനയ്‌ക്കായി കരുതിയ 108.28 ഗ്രാം എം.ഡി.എം.എ.യും കൈവശമുണ്ടായിരുന്നു. അമൽകുമാർ മുൻപും ഇതേ കേസിൽ പിടിയിലായിട്ടുണ്ട്. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് യുവാക്കൾക്ക് ലഹരി വിതരണം ചെയ്യുന്ന രീതിയാണ് ഇവരുടേത്. പോലീസ് സംശയമുണ്ടാകാതിരിക്കാൻ യുവതികളുടെ പേരിലാണ് മുറികൾ എടുത്തിരുന്നത്.

പോലീസ് സംഘത്തിൽ എസ്.ഐ.മാരായ ഏലിയാസ്, ബിജു, ജമീല, ജയശ്രീ, സി.പി.ഒ.മാരായ ശ്രുതി, ഫസൽ, ഡാൻസാഫ് എസ്.ഐ. മനോജ്, അഖിലേഷ്, സുനോജ്, സരുൺകുമാർ, ദിനീഷ്, തൗഫീഖ്, മഷ്ഹൂർ, അതുൽ, അഭിജിത്ത് എന്നിവരുണ്ടായിരുന്നു.

Photo and News Source: Janam TV