ഡൽഹിയിലെ സർക്കാർ ഓഫീസുകൾക്ക് രണ്ട് ദിവസത്തെ 'വർക്ക് ഫ്രം ഹോം' പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ധന സംരക്ഷണം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. നാളെ മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

ഇന്ധന ലാഭവും കാര്യക്ഷമമായ ഭരണവും ഉറപ്പുവരുത്തുന്നതിനായി 'മേരാ ഭാരത് മേരാ യോഗ്ദാൻ' എന്ന പേരിൽ പുതിയൊരു പദ്ധതിക്കും സർക്കാർ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തിങ്കളാഴ്ചകളും 'മൺഡേ മെട്രോ' ആയി ആചരിക്കാൻ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും ജീവനക്കാരും മെട്രോ ട്രെയിനുകളിൽ മാത്രം യാത്ര ചെയ്യണമെന്നാണ് കർശന നിർദ്ദേശം.

മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വാഹനവ്യൂഹം നാല് വാഹനങ്ങളായി വെട്ടിക്കുറച്ചു. ഇതിൽ രണ്ടെണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. കൂടാതെ, പൊതുജനങ്ങളോട് ആഴ്ചയിലൊരിക്കൽ 'നോ വെഹിക്കിൾ ഡേ' ആചരിക്കാനും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ജീവനക്കാരുടെ യാത്രാബത്തയിൽ 10 ശതമാനം വർദ്ധനവ് വരുത്താനും തീരുമാനമായി.

അതേസമയം, സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾക്ക് ഒരു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭരണപരമായ ചെലവുകൾ കുറയ്ക്കാനും ഇന്ധനക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ നടപടികൾ ഡൽഹിയിലെ ഭരണരംഗത്ത് വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

Photo and News Source: Sathyam Online