വാട്സാപ്പിൽ എഐ (AI) ഫീച്ചറുകൾ വ്യാപകമായതോടെ ഉപയോക്താക്കൾക്കിടയിൽ ഉയർന്നിരുന്ന പ്രധാന ആശങ്കയായിരുന്നു തങ്ങളുടെ ചാറ്റുകളുടെ സ്വകാര്യത. എഐ ചാറ്റ് ബോട്ടുകളുമായി നടത്തുന്ന സംഭാഷണങ്ങൾ മൂന്നാമതാരെങ്കിലും കാണുന്നുണ്ടോ അല്ലെങ്കിൽ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന സംശയത്തിന് പരിഹാരമായി പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. 'ഇൻകോഗ്നിറ്റോ മോഡ്' (Incognito Mode) എന്ന ഈ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായി എഐയുമായി സംവദിക്കാൻ സാധിക്കും.
മെറ്റ എഐയുമായി (Meta AI) ഇൻകോഗ്നിറ്റോ മോഡിലൂടെ നടത്തുന്ന സന്ദേശങ്ങൾ അതീവ രഹസ്യമായാണ് പ്രൊസസ് ചെയ്യപ്പെടുന്നത് എന്ന് വാട്സാപ്പ് ഉറപ്പുനൽകുന്നു. ഈ മോഡിൽ അയക്കുന്ന സന്ദേശങ്ങൾ മെറ്റയുടെ സെർവറുകളിൽ സേവ് ചെയ്യപ്പെടുകയോ അവർക്ക് ലഭ്യമാകുകയോ ചെയ്യില്ല. ഓരോ ചാറ്റ് സെഷൻ അവസാനിക്കുമ്പോഴും സന്ദേശങ്ങൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും എന്നതാണ് ഇതിന്റെ പ്രത്യേകത.
പലപ്പോഴും ഉപയോക്താക്കൾ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ എഐ ചാറ്റ് ബോട്ടുകളുമായി പങ്കുവെക്കാറുണ്ട്. ഇത്തരം വിവരങ്ങൾ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നു എന്ന പരാതികൾക്ക് ഈ പുതിയ ഫീച്ചറിലൂടെ അറുതിയാകും. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വാട്സാപ്പിന്റെ ഈ നീക്കം വലിയൊരു മാറ്റത്തിനാണ് തുടക്കമിടുന്നത്.
Photo and News Source: Kairali News







