ലഖ്നൗ: ഹരിയാനവി സംഗീത ലോകത്തെ പ്രിയപ്പെട്ട നടിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യാങ്ക സിരോഹി (30) അപ്രതീക്ഷിതമായി അന്തരിച്ചു. ബുലന്ദ്‌ഷഹർ സ്വദേശിയായ ദിവ്യാങ്ക ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ആരോഗ്യനില പെട്ടെന്ന് വഷളായി. കുടുംബം അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സ ഫലവത്താകാതെ മരണമടഞ്ഞു. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഹരിയാനവി മ്യൂസിക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന ദിവ്യാങ്ക അമ്പതിലധികം ഗാനങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകൻ മാസൂം ശർമ്മയോടൊപ്പമുള്ള മ്യൂസിക് വീഡിയോകൾ അവരെ പ്രശസ്തിയുടെ ഉന്നതിയിലേക്ക് എത്തിച്ചു. സോഷ്യൽ മീഡിയയിലും താരത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷം ഫോളോവേഴ്‌സായിരുന്നു അവരുടെ ശക്തി.

രാജ്‌നഗർ എക്സ്റ്റൻഷനിലെ മോക്ഷ് സ്ഥല് ഹിന്ദൂനിൽ രാവിലെ 9:30-ന് അന്ത്യകർമ്മങ്ങൾ നടന്നു. സഹോദരൻ ഹിമാൻഷു സിരോഹി ചിതയ്ക്ക് തീ കൊളുത്തി. പ്രാദേശിക കലാകാരന്മാരും ആരാധകരും ചേർന്ന് താരത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.

Photo and News Source: Janam TV