പാലക്കാട് മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടിനായി പണം നൽകിയെന്ന ‘വോട്ടിന് നോട്ട്’ പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ കലക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും. കണ്ണാടി പഞ്ചായത്തിലെ വയോധിക വോട്ടർക്കു പണം കൈമാറിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലവും റിപ്പോർട്ടോടൊപ്പം നൽകും. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങൾ ബി ജെ പിയെ പ്രതിരോധത്തിലാക്കി.
ശോഭ സുരേന്ദ്രൻ നേതൃത്വം നൽകിയ ബി ജെ പി പ്രവർത്തകരുടെ സംഘം വയോധികയായ ദേവുവിന് പണം കൈമാറുന്നതായി ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ആദ്യം പണം ലഭിച്ചതായി സ്ഥിരീകരിച്ച ദേവു പിന്നീട് അത് തിരുത്തുകയും ചെയ്തു. സംഭവം സംബന്ധിച്ച വിശദാംശങ്ങൾ കൂടുതൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തും. പലയിടത്തും ബി ജെ പി പണം വിതരണം ചെയ്തതായി കോൺഗ്രസും സി പി എമ്മും ആരോപിക്കുന്നു. എന്നാൽ ശോഭ സുരേന്ദ്രൻ ആരോപണങ്ങൾ പൂർണ്ണമായും നിരാകരിച്ചു.
Photo and News Source: Siraj Live



