നടൻ വിജയ് നായകനായ 'ജനനായകൻ' എന്ന സിനിമയുടെ ചോർന്ന ദൃശ്യങ്ങൾ കണ്ടെന്ന് നടി കസ്തൂരി ശങ്കർ വെളിപ്പെടുത്തി. വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) മൂന്ന് മണിക്കൂർ നീളുന്ന പ്രചാരണമായാണ് ഈ ചിത്രം കസ്തൂരി വിശേഷിപ്പിച്ചത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രദർശനാനുമതി ലഭിക്കാത്ത ചിത്രത്തിന്റെ ദൃശ്യങ്ങൾ ചോർന്നത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നു.

വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് ദൃശ്യങ്ങൾ കസ്തൂരി കണ്ടത്. 'സിനിമയിലെ ഓരോ വാക്കും വോട്ടർമാരിലേക്ക് എത്തിക്കാനായി ബോധപൂർവം ദൃശ്യങ്ങൾ ചോർത്തിയതാണെന്ന് സംശയിക്കുന്നു. സെൻസർ ബോർഡിനെയും കേന്ദ്ര മന്ത്രാലയത്തെയും വെട്ടിച്ച് ഉയർന്ന ഗുണമേന്മയുള്ള പതിപ്പ് എങ്ങനെ പുറത്തുവന്നു?' എന്ന് കസ്തൂരി ചോദ്യം ചെയ്തു.

സിനിമയിലെ രാഷ്ട്രീയ പരാമർശങ്ങൾ ഭയന്ന് ഡിഎംകെ സർക്കാർ റിലീസ് തടയാന് ശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കെവിഎൻ പ്രൊഡക്ഷൻസിന്റെ പരാതിയെ തുടർന്ന് ചെന്നൈ സൈബർ ക്രൈം പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിനിമ പ്രചരിപ്പിച്ച മുന്നൂറോളം ലിങ്കുകൾ പോലീസ് നീക്കം ചെയ്തിട്ടുണ്ട്. ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്ഫോമുകളിൽ നിന്നും കൂടുതൽ ദൃശ്യങ്ങൾ പുറത്തുവരുമോ എന്ന് സംശയിക്കുന്നു.

Photo and News Source: Malayali Life