തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തെ സര്‍ക്കാര്‍ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു ലക്ഷം രൂപയും അടക്കം 14 ലക്ഷം രൂപ നല്കും.
പരിക്കേറ്റവര്‍ക്ക് ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പ്രത്യേക സഹായമായി ലഭിക്കും. പരിക്കേറ്റവരുടെ ആറ് മാസത്തെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ, പൂര്‍ണ ചെലവും സിഎം ഡിആര്‍എഫിൽ നിന്ന് ലഭിക്കും.
തിരച്ചിലിനും ചികിത്സയ്ക്കുമായി മാറ്റിയ മതിലുകളും വയലുകളും പഴയപടിയാക്കാനുള്ള ചെലവ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കും. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനും മറ്റുമായി ദുരന്ത നിവാരണ അതോറിറ്റിക്ക് പ്രത്യേക നടപടി സ്വീകരിക്കാൻ കാബിനറ്റ് ഉത്തരവിട്ടു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഓണ്‍ലൈനായി പങ്കെടുത്ത യോഗത്തില്‍ കെ. രാജന്‍, വി.എന്‍. വാസവന്‍, ആര്‍. ബിന്ദു, എം.ബി. രാജേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Photo and News Source: Janmabhumi



