ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളിലും ആരോഗ്യ സപ്ലിമെന്റുകളിലും അശ്വഗന്ധയുടെ (അമുക്കുരം) ഇലകൾ ഉപയോഗിക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിരോധിച്ചു. ആയുഷ് മന്ത്രാലയവുമായി ചേർന്നാണ് ഈ തീരുമാനം. ഹിമാലയ വെൽനസ്, ഡാബർ, പതഞ്ജലി, വൈദ്യനാഥ്, ഇമാമി തുടങ്ങിയ ആയുർവേദ കമ്പനികളെ ഇത് ബാധിക്കും.
അശ്വഗന്ധയുടെ ഇലകളിലെ 'വിത്തഫെറിൻ-എ' എന്ന സംയുക്തം കരൾ, ഉദരരോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയതാണ് നിരോധനത്തിനുള്ള കാരണം. എന്നാൽ, ആയുർവേദത്തിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന അശ്വഗന്ധ വേരുകൾക്ക് നിരോധനമില്ല. ഉൽപ്പന്നങ്ങളിൽ സസ്യത്തിന്റെ ഏത് ഭാഗം ഉപയോഗിച്ചിരിക്കുന്നുവെന്ന് ലേബലിൽ വ്യക്തമാക്കണമെന്ന് നിർമ്മാതാക്കൾക്ക് എഫ്.എസ്.എസ്.എ.ഐ നിർദ്ദേശം നൽകി.
നിയമവിരുദ്ധമായി ഇലകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന അധികൃതർക്ക് നിർദ്ദേശം നൽകി. സപ്ലിമെന്റ് വിപണിയുടെ വളർച്ചയിൽ ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കാനാണ് ഈ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി.
Photo and News Source: Kerala Online News



