വടകര: ദേശീയപാത ആറുവരിയാക്കി വികസിപ്പിച്ചതോടെ ഗതാഗതം സുഗമമായെങ്കിലും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പ്രത്യേക സ്ഥലങ്ങളൊന്നുമില്ലാതെ പെരുവഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് വലിയ അപകടഭീഷണി സൃഷ്ടിക്കുന്നു.

പുതുപ്പണം അരവിന്ദ്‌ഘോഷ് റോഡിൽ പോലീസ് ബസ് തട്ടി ഒരാളും, മുക്കാളിയിൽ പാത നിർമാണം പൂർത്തിയായ ഭാഗത്തുകൂടി റോഡ് മുറിച്ചുകടക്കവേ മറ്റൊരാളും മരിച്ച സംഭവങ്ങൾ ഈ ഭീഷണി ഉയർത്തുന്നു. ആറുവരിപ്പാത പൂർത്തിയായാൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ കഴിയാതെ വരും. ഇതോടെ മറുവശത്തേക്കുള്ള യാത്ര ദുരിതമാകുമെന്ന ഭയം.

അടിപ്പാതകളും മേൽപ്പാലങ്ങളും മേൽനടപ്പാതകളുമുള്ള സ്ഥലങ്ങളിലൂടെയാണ് ഇനി റോഡ് മുറിച്ചുകടക്കേണ്ടത്. അഴിയൂർ മുതൽ മൂരാട് വരെയുള്ള 15 കിലോമീറ്ററിൽ 13 സ്ഥലങ്ങളിൽ മാത്രമേ ഇത്തരം സൗകര്യമുള്ളൂ. ടൗണുകളിൽ ഇത്തരം സൗകര്യങ്ങൾ കുറവായതിനാൽ ജനങ്ങൾക്ക് പ്രയാസമാണ്.

Photo and News Source: Mathrubhumi