പത്തനംതിട്ട ജില്ലയിൽ പതിനാറാമത് സെൻസസ് പ്രവർത്തനങ്ങൾക്കായുള്ള ജില്ലാതല പരിശീലനം ആരംഭിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഏപ്രിൽ 26 വരെ രണ്ട് ബാച്ചുകളിലായി രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ പരിശീലനം നടക്കും.

സെൻസസ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ഭവന പട്ടികപ്പെടുത്തൽ, ജനസംഖ്യ കണക്കെടുപ്പ് എന്നീ രണ്ട് ഘട്ടങ്ങളിലായാണ് 2026-27-ൽ സെൻസസ് നടത്തുന്നത്. ജൂലൈ 1 മുതൽ 31 വരെ ഭവന പട്ടികപ്പെടുത്തൽ നടക്കും. ജില്ലയിലെ സെൻസസ് പ്രവർത്തനം ഏകോപ്പിക്കുന്നതിന് ജില്ല കലക്ടറെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായും, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെ ജില്ല സെൻസസ് ഓഫീസറായും നിയമിച്ചു.

തഹസിൽദാർമാർ, മുൻസിപ്പൽ സെക്രട്ടറിമാർ എന്നിവരെ ചാർജ് സെൻസസ് ഓഫീസർമാരായി നിയോഗിച്ചു. റവന്യൂ ഡിവിഷണൽ ഓഫീസർമാരെ സബ് ഡിവിഷണൽ സെൻസ് ഓഫീസർമാരായും, മറ്റ് ജില്ല വകുപ്പ് മേധാവികളെ അഡീഷണൽ ജില്ല സെൻസസ് ഓഫീസർമാരായും നിയമിച്ചു. സെൻസസ് പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ഈ സംവിധാനം സഹായകരമാകും.

Photo and News Source: Kerala Online News