തിരക്കേറിയ ജീവിതത്തിൽ തലകുളി കഴിഞ്ഞ് മുടി ഉണങ്ങാൻ കാത്തിരിക്കാതെ ഉറക്കത്തിലേക്ക് വഴുതിവീഴുന്നത് പലരുടെയും പതിവാണ്. എന്നാൽ, ഈ ചെറിയ ശീലം നിങ്ങളുടെ മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നനഞ്ഞ മുടിയും ഈർപ്പമുള്ള തലയിണയും ചേരുമ്പോൾ അവിടെ ഫംഗസുകളും ബാക്ടീരിയകളും വളരാൻ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. 'മലാസീസിയ' പോലുള്ള ഫംഗസുകൾ തലയോട്ടിയിൽ താരൻ വർദ്ധിപ്പിക്കാനും ചൊറിച്ചിൽ ഉണ്ടാക്കാനും ഇടയാക്കുന്നു. തലയിണയിലെ ഈർപ്പം പൂപ്പൽ വളരാൻ കാരണമാകുകയും, ശ്വസനത്തിലൂടെ ശരീരത്തിലെത്തി ആസ്ത്മ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ വഷളാക്കുകയും ചെയ്യുന്നു.
മുടി നനഞ്ഞിരിക്കുമ്പോൾ അതിന്റെ ഇഴകൾ ദുർബലമായിരിക്കും. ഉറക്കത്തിൽ തിരിഞ്ഞുമറിഞ്ഞ് കിടക്കുമ്പോൾ തലയിണയുമായുള്ള ഘർഷണം മുടിയിഴകൾ പൊട്ടിപ്പോകാൻ കാരണമാകുന്നു. ക്യൂട്ടിക്കിളിന്റെ വികാസ സമയമായതിനാൽ നനഞ്ഞ മുടിയുമായുള്ള ഉറക്കം മുടിയുടെ തിളക്കം നഷ്ടപ്പെടുത്തുകയും, പരുപരുത്തതാക്കുകയും ചെയ്യുന്നു. ദീർഘകാലം ഈ ശീലം തുടരുന്നത് മുടി കൊഴിച്ചിലിനും അറ്റം പിളരുന്നതിനും ഇടയാക്കുന്നു. പേശി വേദനയും അനുഭവപ്പെടാം.
Photo and News Source: Kvartha



