കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം മിമിക്രി താരം കണ്ണൻ സാഗർ പൂർണ്ണമായും സുഖം പ്രാപിച്ചു. രാജഗിരി ആശുപത്രിയിലെ ചികിത്സയും നടൻ മമ്മൂട്ടിയുടെയും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും പിന്തുണയാണ് തന്നെ രക്ഷിച്ചതെന്ന് അദ്ദേഹം സോഷ്യൽ മീഡിയിലൂടെ നന്ദി പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ പരിശോധനയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിൽ എത്തിയ കണ്ണൻ സാഗർ, ഡോക്ടർമാരെയും നഴ്സുമാരെയും ദൈവതുല്യരായി വിശേഷിപ്പിച്ചു. സീനിയർ കൺസൾട്ടന്റ് ഡോ. കെ.കെ. പ്രദീപ്, ഡോ. അക്ഷയ് നാരായൺ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. കെ.എ. കോശി, ഡോ. ഡിബിൻ യു.ആർ, ഫിസിയോതെറാപ്പിസ്റ്റ് ഡോ. മെറിൻ തുടങ്ങിയവരുടെ പരിചരണം പ്രശംസിച്ചു.

“തമാശക്കാർക്ക് ഇത്ര വേദനയെന്തിനാ, ഞങ്ങളൊക്കെയില്ലേ ഇവിടെ” എന്ന നഴ്സുമാരുടെ സ്നേഹവാക്കുകൾ വലിയ ആശ്വാസം നൽകിയെന്നും അദ്ദേഹം ഓർമ്മിച്ചു. ‘വാഴ 2’, ‘ആട് 3’ എന്നീ സിനിമകളിലെ അഭിനയത്തിന് ലഭിച്ച അഭിനന്ദനങ്ങളും വേദന മറക്കാൻ സഹായിച്ചു.

കണ്ണൻ സാഗറിന്റെ രോഗാവസ്ഥ മുൻ സഹപ്രവർത്തകൻ രമേശ് പിഷാരടി മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും ചേർന്ന് ‘ഹൃദ്യം’ പദ്ധതിയിലൂടെ ചികിത്സ സുഗമമാക്കി.

Photo and News Source: Malayalam Express