കൊച്ചി: ഇന്ന് ശ്രീശങ്കരജയന്തി ആഘോഷം ആരംഭിക്കുന്നു. ശ്രീശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു. രാവിലെ 10.45ന് സംസ്‌കൃത സർവകലാശാല യൂട്ടിലിറ്റി സെന്ററിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന ശങ്കരജയന്തി ആഘോഷം നടക്കുന്നു.
ആദിശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തിൽ രാവിലെ 10ന് ശൃംഗേരി മഠം ഹാളിൽ സംന്യാസി സംഗമം നടത്തുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള ശ്രീശങ്കര സ്തോത്രാലാപന മത്സരത്തിൽ വിജയികളെ ആദരിക്കും. ഉച്ചതിരിഞ്ഞ് 2.30ന് കാഞ്ചീസ്തൂപം വേദിയിൽ 500-ലധികം പേരുടെ പങ്കാളിത്തത്തോടെ നാരായണീയ പാരായണം നടക്കുന്നു.
ഡോ. ശ്രീലക്ഷ്മി സനീഷിന്റെ നേതൃത്വത്തിൽ ശങ്കരാചാര്യരുടെ കൃതികളുടെ നൃത്താവിഷ്കാരവും ഉണ്ടാകും. വൈകിട്ട് 4ന് സാംസ്‌കാരിക സമ്മേളനം വിഎച്ച്പി അന്താരാഷ്ട്ര അധ്യക്ഷൻ അഡ്വ. അലോക് കുമാർ ഉദ്ഘാടനം ചെയ്യും. കൊച്ചി കപ്പൽശാല മുൻ സിഎംഡി മധു എസ്. നായർ അധ്യക്ഷനാകും. വൈകിട്ട് 5ന് കാഞ്ചീസ്തൂപത്തിൽ നിന്ന് മഹാപരിക്രമം ആരംഭിക്കും. ആയിരങ്ങൾ പങ്കെടുക്കുന്ന പരിക്രമം കാലടി ജങ്ഷൻ, ആശ്രമം റോഡ്, മലയാറ്റൂർ റോഡ്, ശൃംഗേരി മഠം, ശ്രീകൃഷ്ണ സ്വാമിക്ഷേത്രം വഴി മുതലക്കടവിൽ സമാപിക്കും. തുടർന്ന് പൂർണ്ണാനദീപൂജയും ആരതിയുമായി പരിപാടികൾ സമാപിക്കും.
Photo and News Source: Janmabhumi



