പാലക്കാട് സംസ്ഥാനത്ത് ലോൺ ആപ്പ് ഭീഷണി മൂലം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏഴ് പേര് ആത്മഹത്യ ചെയ്തതായി പോലീസ് റിപ്പോർട്ട്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലൂടെ കേരളത്തിൽ നിന്ന് 15,000 പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ 284 പേർ മാത്രമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മുന്നോട്ടുവന്നത്. മൂന്ന് വർഷത്തിനിടെ 70 കോടിയുടെ നഷ്ടമുണ്ടായതായി പോലീസ് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 28 കോടി മാത്രമാണ് ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞത്. 1,836 ലോൺ ആപ്പുകൾ നിരോധിക്കുകയും 5,317 വെബ്‌സൈറ്റുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ ജീവനക്കാരും കുറഞ്ഞ വരുമാനമുള്ളവരുമാണ് പ്രധാന ഇരകൾ. 32% സ്വകാര്യ മേഖല ജീവനക്കാരും, 20.18% വീട്ടമ്മമാരും, 9.79% ബിസിനസുകാരും, 4.73% വിദ്യാർത്ഥികളും തട്ടിപ്പിനിരയായിട്ടുണ്ട്. ഇൻഷ്വറൻസ് ഏജന്റുമാർ, ടെക് പ്രൊഫഷണലുകൾ, ബാങ്ക് ജീവനക്കാർ എന്നിവരും ഇരകളിലുണ്ട്. ആൻഡ്രോയിഡ് പാക്കേജ് കിറ്റ് (APK) ഫയലുകൾ വഴി ഡൗൺലോഡ് ചെയ്യുന്ന ലോൺ ആപ്പുകളാണ് കൂടുതൽ അപകടകരം. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടുന്നു. പോലീസ് മുന്നറിയിപ്പ് നൽകുന്നു.

Photo and News Source: Siraj Live