ന്യൂഡൽഹി: ലോകബാങ്കിന്റെ പുതിയ റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് പിന്നിലേക്കു തള്ളപ്പെട്ടത് സമ്പദ്ഘടനയുടെ ദൗർബല്യം മൂലമല്ല. ഡോളറിന്റെ മൂല്യവർദ്ധനവിനെതിരായ ഇന്ത്യൻ രൂപയുടെ ദൗർബല്യം കാരണമാണ് ഈ മാറ്റം സംഭവിച്ചത്. ഡോളറിൽ ജിഡിപി കണക്കാക്കിയതാണ് മൂന്നാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് താഴാൻ കാരണം എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിശദീകരണം.
ഡൺ ആൻഡ് ബ്രാഡ് സ്ട്രീറ്റ് ഇന്ത്യയുടെ അരുണ് സിങ്ങ് അടക്കമുള്ള വിദഗ്ദ്ധർ ഇന്ത്യയുടെ സമ്പദ്ഘടന കരുത്തുറ്റതാണെന്നും ഡോളർ-രൂപ എക്സ്ചേഞ്ച് റേറ്റിലെ പ്രശ്നം മൂലമാണ് ജിഡിപി ചുരുങ്ങിയതെന്നും അഭിപ്രായപ്പെടുന്നു. ലോകബാങ്ക് ഇപ്പോഴും ഇന്ത്യയെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയായി തന്നെ കണക്കാക്കുന്നു. പശ്ചിമേഷ്യൻ യുദ്ധം, റഷ്യ-ഉക്രൈൻ സംഘർഷം എന്നിവയ്ക്കിടയിലും ഇന്ത്യയെ പ്രതീക്ഷയുടെ പ്രതീകമായി ലോകബാങ്ക് കാണുന്നു.
2025 ഏപ്രിലിലെ പ്രവചനമനുസരിച്ച് 2025-26-ൽ ഇന്ത്യ നാലാം സ്ഥാനത്തെത്തുമെന്ന് ലോകബാങ്ക് പ്രതീക്ഷിച്ചിരുന്നു. ജപ്പാന്റെ 4186 ബില്യൺ ഡോളർ ജിഡിപിയെ 4187 ബില്യൺ ഡോളറിൽ മറികടക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ 2026 ഏപ്രിലിലെ കണക്കെടുപ്പിൽ ഇന്ത്യയുടെ ജിഡിപി 3916 ബില്യൺ ഡോളറും യുകെയുടേത് 4003 ബില്യൺ ഡോളറും ആയിരുന്നു. ജപ്പാൻ 4435 ബില്യൺ ഡോളറുമായി മുന്നിലാണ്.
Photo and News Source: Janmabhumi



