ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സിഎസ്കെ) നേതൃത്വനിരയിൽ വലിയ മാറ്റം വേണമെന്ന ആവശ്യവുമായി മുന്‍ ചെന്നൈ താരം എസ്. ബദ്രിനാഥ് മുന്നോട്ടുവച്ചു. നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിനെ മാറ്റി മലയാളി താരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബദ്രിനാഥ് ഈ ആവശ്യം ഉന്നയിച്ചത്.

പ്രാദേശിക താരത്തിന് പ്രാധാന്യം നൽകണമെന്നും എം.എസ്. ധോണിക്ക് ശേഷം ചെന്നൈ ആരാധകരുമായി വൈകാരിക ബന്ധം പുലർത്താൻ കഴിയുന്ന താരത്തെ തിരഞ്ഞെടുക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. സഞ്ജു സാംസണ് ദക്ഷിണേന്ത്യൻ താരമെന്ന നിലയിൽ തമിഴ്‌നാട്ടിലും ചെന്നൈയിലും വലിയ ആരാധകവൃന്ദമുണ്ട്. ഇത് സിഎസ്കെയ്ക്ക് കൂടുതൽ പ്രയോജനകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റുതുരാജിന്റെ ബാറ്റിംഗ് മികവിനെക്കുറിച്ചും ബദ്രിനാഥ് സംസാരിച്ചു. ക്യാപ്റ്റൻ സ്ഥാനത്തിന്റെ അധികഭാരം റുതുരാജിന്റെ ബാറ്റിംഗിനെ ബാധിക്കുമെന്ന് അദ്ദേഹം കരുതുന്നു. സഞ്ജു പോലുള്ള പരിചയസമ്പന്നനായ നായകൻ വന്നാൽ റുതുരാജിന് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യനിരയിൽ മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവുള്ള സഞ്ജുവിന്റെ ഫിനിഷിംഗ് പാടവവും ടീമിന് ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Photo and News Source: Newsthen