ഫിന്‍ടെക് മേഖലയിലെ പ്രമുഖ കമ്പനിയായ റേസർപേ (Razorpay) പ്രാഥമിക ഓഹരിവിൽപ്പനയിലൂടെ (IPO) ₹5,000 കോടിയിലധികം സമാഹരിക്കാന്‍ ഒരുങ്ങുന്നു. സെബിക്ക് രഹസ്യാത്മകമായി അപേക്ഷ സമർപ്പിക്കാന്‍ കമ്പനി തയാറെടുക്കുന്നു. ഐപിഒ വഴി 4,980-5,810 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യം. ആക്സിസ് ക്യാപിറ്റൽ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ജെപി മോർഗൻ, സിറ്റി ബാങ്ക് എന്നിവരാണ് ഈ പ്രക്രിയയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

വിപണിയിലെ അനിശ്ചിതത്വത്തെ തുടർന്ന് ഫോണ്‍പേ പോലുള്ള മറ്റ് ഫിന്‍ടെക് കമ്പനികൾ ഐപിഒ നീട്ടിവച്ച സമയത്താണ് റേസർപേ ഈ നീക്കം സജീവമാക്കിയത്. 2014-ൽ ഹർഷിൽ മാത്തൂർ, ശശാങ്ക് കുമാർ എന്നിവർ ചേർന്ന് സ്ഥാപിച്ച റേസർപേ ഇപ്പോൾ 80 ലക്ഷത്തിലധികം ബിസിനസുകൾക്ക് സേവനം നൽകുന്നു. ഇതിൽ 80% ചെറുകിട ബിസിനസുകളും ഡിജിറ്റൽ ബ്രാൻഡുകളുമാണ്.

2025-ലെ സാമ്പത്തികവർഷത്തിൽ കമ്പനിയുടെ വരുമാനം 65% ഉയർന്ന് ₹3,783 കോടിയായി. മുമ്പത്തെ വർഷം ഇത് ₹2,296 കോടിയായിരുന്നു. നഷ്ടം ₹1,209 കോടിയായി രേഖപ്പെടുത്തിയിരുന്നു. ടൈഗർ ഗ്ലോബൽ, ലൈറ്റ്‌സ്പീഡ്, പീക്ക്XV പാർട്ണേഴ്‌സ് തുടങ്ങിയ ആഗോള നിക്ഷേപകർ റേസർപേയില് നിക്ഷേപം നടത്തിയിട്ടുണ്ട്.

Photo and News Source: Dhanam