മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ 'ദൃശ്യം 3' മെയ് 21-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലെ നിർണ്ണായകമായ മൂന്നാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. നേരത്തെ ഏപ്രിൽ 2-ന് നിശ്ചയിച്ചിരുന്ന റിലീസ്, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് മെയ് 21-ലേക്ക് മാറ്റുകയായിരുന്നു.

ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെ നടന്ന ഒരു സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആരാധകരിൽ ഒരാൾ 'ലാലേട്ടാ മെയ് 21-ന് തൂക്കണം' എന്ന് കമന്റ് ചെയ്തപ്പോൾ, അതിന് മറുപടിയായി 'തൂക്കും' എന്ന് മോഹൻലാൽ ആത്മവിശ്വാസത്തോടെ മറുപടി നൽകി. ഈ മറുപടി ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ എട്ട് മണിക്ക് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് യു/എ 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം എത്തുന്ന മൂന്നാം ഭാഗം ബോക്സോഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

Photo and News Source: Asianet News