തിരുവനന്തപുരം നഗരമധ്യത്തിൽ യൂണിവേഴ്സിറ്റി കോളേജിന് സമീപം ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർത്ഥിനിയുടെ തലയിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയായ ശ്രേയയ്ക്കാണ് (18) ദാരുണമായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.

സ്പെൻസർ ജംഗ്ഷനിലെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകാനായി പാളയത്ത് ബസിറങ്ങി നടന്നുപോകുകയായിരുന്നു ശ്രേയ. ഇതിനിടയിൽ അപ്രതീക്ഷിതമായി മരക്കൊമ്പ് ഒടിഞ്ഞ് പെൺകുട്ടിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു. ആഘാതത്തിൽ തലയിടിച്ച് ഫുട്പാത്തിൽ വീണ ശ്രേയയെ സമീപത്തെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം കണ്ടത്.

ഉടൻ തന്നെ പെൺകുട്ടിയെ ഹോട്ടലിനുള്ളിലേക്ക് മാറ്റി പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ശ്രേയ.

Photo and News Source: Kerala Kaumudi Latest