വാഷിങ്ടണിൽ നിന്നുള്ള വാർത്ത: ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വയം നേതൃത്വം നൽകുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

മുമ്പ്, സുരക്ഷാ ആശങ്കകളെത്തുടർന്ന് വാൻസ് പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചിരുന്നുവെങ്കിലും, അവസാന നിമിഷം ഈ തീരുമാനം മാറ്റിയതായി റിപ്പോർട്ടുകൾ. ബുധനാഴ്ച നിലവിലെ വെടിനിർത്തൽ കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് വൈസ് പ്രസിഡന്റിന്റെ നേരിട്ടുള്ള പങ്കാളിത്തം.

ഇറാൻ ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നാവിക ഉപരോധം അവസാനിപ്പിക്കാതെ ചർച്ചയിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിലാണ് ഇറാൻ. ആദ്യ റൗണ്ട് ചർച്ചയിൽ പങ്കെടുത്ത ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരും സംഘത്തിലുണ്ടാകും.

ആദ്യ ചർച്ച തീരുമാനമില്ലാതെ അവസാനിച്ചതിനാൽ, ഇത്തവണത്തെ ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ് വീണ്ടും രംഗത്തെത്തിയതോടെ ചർച്ചകളുടെ അന്തരീക്ഷം സമ്മർദ്ദത്തിലായി. 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിൽ, ഇറാൻ ന്യായമായ കരാറിന് തയ്യാറാകാത്തപക്ഷം പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

Photo and News Source: Mathrubhumi