ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഈ സീസണിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകുമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ പ്രവചിച്ചു. നിലവിൽ സിഎസ്കെ ആറാം സ്ഥാനത്താണ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ കീഴിൽ ആറ് മത്സരങ്ങളിൽ നാലും തോറ്റു. ഓപ്പണറായി ഇറങ്ങുന്ന ക്യാപ്റ്റന് ഫോമിലേക്ക് എത്താനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഋതുരാജിന്റെ ക്യാപ്റ്റൻ കസേരയ്ക്ക് ഇളക്കം സംഭവിച്ചതായി അശ്വിൻ നിരീക്ഷിക്കുന്നത്.

'ഞാനൊരു ജ്യോത്സ്യനൊന്നുമല്ല. എങ്കിലും സഞ്ജു സിഎസ്കെയെ നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് എപ്പോഴാണെന്ന് എനിക്കറിയില്ല. പക്ഷേ, അങ്ങനെ ഉടൻ നടക്കുമെന്നാണ് എനിക്ക് തോന്നുന്നത്,' എന്ന് അശ്വിൻ പറഞ്ഞു. ക്യാപ്റ്റനായ ശേഷം സഞ്ജു മറ്റൊരാൾ തീർത്ത പാരമ്പര്യം പിന്തുടരരുതെന്നും സ്വന്തമായി വ്യക്തിത്വം രൂപപ്പെടുത്തണമെന്നും അദ്ദേഹം ben അഭിപ്രായപ്പെട്ടു.

'സഞ്ജുവിന് മികച്ച മാനസിക നിലയുണ്ടെങ്കിൽ നല്ല തീരുമാനങ്ങൾ എടുക്കും. അദ്ദേഹത്തിന് നല്ല ദിനങ്ങളും ഉണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ ശക്തിയാണ്. ക്യാപ്റ്റന്മാരിൽ പലരും അത് നന്നായി ചെയ്യാറില്ല. പ്രൊഫഷണലായി മാത്രമല്ല, വ്യക്തിപരമായും അദ്ദേഹം സഹതാരങ്ങളുമായി അടുത്തിടപഴകുന്നു. ഇത് ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നു,' എന്നും അശ്വിൻ ചേർത്തു.

Photo and News Source: Samakalika Malayalam