കൊച്ചി: ഫാറ്റി ലിവർ എന്ന രോഗം ഇന്ന് കരളിനെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു. കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. പുതിയ പഠനങ്ങൾ പ്രകാരം ഇന്ത്യാക്കാരിൽ മൂന്നിൽ ഒരാൾക്ക് ഈ രോഗം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മാറിയ ജീവിതശൈലിയും ഭക്ഷണരീതികളുമാണ് ഈ രോഗം വർധിക്കാൻ പ്രധാന കാരണമാകുന്നത്. മദ്യപാനികളിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം ഇന്ന് മദ്യപിക്കാത്തവരിലും വ്യാപകമാണ്. ഇതിനെ മെറ്റബോളിക് ഡിസ്‌ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് (MASLD) എന്ന് വിളിക്കുന്നു.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് പകരം ഹോട്ടൽ ഭക്ഷണവും ജങ്ക് ഫുഡും ശീലമാക്കിയത് കലോറി അമിതമാകാൻ കാരണമാകുന്നു. യാത്രാസൗകര്യങ്ങളുടെ വർദ്ധനയും ജോലിയുടെ ഭാഗമായി ദീർഘനേരം ഇരിക്കുന്നതും ശാരീരിക അധ്വാനം കുറയാൻ ഇടയാക്കി. ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ മൊബൈൽ ഫോണുകളും ടിവിയും അകറ്റുന്നത് ചെറിയ പ്രായത്തിൽ തന്നെ അമിതവണ്ണത്തിലേക്കും ഫാറ്റി ലിവറിലേക്കും നയിക്കുന്നു.
സ്ത്രീകളിലും ഫാറ്റി ലിവർ വർദ്ധിക്കുന്നുണ്ട്. വ്യായാമമില്ലായ്മയും അനാരോഗ്യകരമായ ഭക്ഷണശീലവും ഈ രോഗത്തിനു കാരണമാകുന്നു. അടുക്കള ജോലികളെ മാത്രം വ്യായാമമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
Photo and News Source: Kvartha



