യുഎഇ സർക്കാർ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പുതിയ ഗുളികയ്ക്ക് അംഗീകാരം നൽകി. ഫൗണ്ടയോ (ഓർഫോർഗ്ലിപ്രോൺ) എന്ന ഈ ഗുളിക കുത്തിവയ്പ്പ് ആവശ്യമില്ലാതെ ദിവസത്തിൽ ഒരുപ്രാവശ്യം മാത്രം കഴിക്കാവുന്നതാണ്. ലോകപ്രശസ്ത ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലിയാണ് ഇത് വികസിപ്പിച്ചത്.

എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‍മെന്റ് (ഇഡിഎ) ആണ് ഈ ഗുളികയ്ക്ക് അംഗീകാരം നൽകിയത്. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 30-ലധികമുള്ള മുതിർന്നവർക്കാണ് പ്രധാനമായും ഇത് നിർദ്ദേശിക്കപ്പെടുന്നത്. ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് ഭാരം കുറയ്ക്കാൻ കഴിയാത്തവർക്കും ഈ മരുന്ന് ഉപയോഗിക്കാം.

ഫൗണ്ടയോ വിശപ്പ് നിയന്ത്രിക്കാനും അമിതമായ ആഹാരം കുറയ്ക്കാനും സഹായിക്കുന്നു. വിദഗ്ദർ നടത്തിയ പരിശോധനയിൽ, ഉപയോഗിച്ചവർക്ക് ശരാശരി 12.4% ഭാരം കുറഞ്ഞതായി കണ്ടെത്തി. ഇഡിഎ ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കഅബി, ജീവിതശൈലി മാറ്റങ്ങൾക്കൊപ്പം ഈ മരുന്ന് ഉപയോഗിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പറഞ്ഞു.

അർഹരായ രോഗികൾക്ക് അടുത്ത മാസം മുതൽ യുഎഇയിൽ ഈ മരുന്ന് ലഭ്യമാകും. ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ഇത് ഉപയോഗിക്കേണ്ടത്. എല്ലാവർക്കും അനുയോജ്യമല്ലെന്നും മെഡിക്കൽ പരിശോധനയ്ക്കുശേഷം മാത്രം കഴിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

Photo and News Source: Kairali News