തെലുങ്ക് സൂപ്പർ താരം അല്ലു അർജുനും വ്യക്തിത്വ അവകാശ സംരക്ഷണത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ സമ്മതമില്ലാതെ പേരും രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് രൂപവും ശബ്ദവും ദുരുപയോഗം ചെയ്യുന്നതിനെതിരെ അദ്ദേഹം പ്രത്യേകം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള വ്യാജ അനുകരണങ്ങൾ തന്റെ പ്രശസ്തിയെയും കരിയറിനെയും ബാധിക്കുമെന്നും തന്റെ ബ്രാൻഡ് മൂല്യം നിലനിർത്താൻ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 2022-ൽ അമിതാഭ് ബച്ചനാണ് ഈ പോരാട്ടത്തിന് തുടക്കമിട്ടത്. തുടർന്ന് അനിൽ കപൂർ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, സോനാക്ഷി സിൻഹ എന്നിവരും സമാനമായ ഉത്തരവുകൾ നേടിയിരുന്നു. പുതിയ സാങ്കേതിക വിദ്യകൾ സെലിബ്രിറ്റികളുടെ സ്വകാര്യതയ്ക്കും കരിയറിനും ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ അല്ലു അർജുന്റെ ഈ നിയമനടപടി ഏറെ പ്രാധാന്യമർഹിക്കുന്നു.

Photo and News Source: Malayalam Express