തൃശ്ശൂരിൽ നാളെ പൂരലഹരി ആരംഭിക്കും. തൃശ്ശൂർ പൂരത്തിന്റെ ആദ്യം കൊടിയേറ്റം ലാലൂരിലെ കാരത്ത്യായനി ക്ഷേത്രത്തിലാണ്. രാവിലെ എട്ടരയോടെ താന്ത്രിക ചടങ്ങുകൾക്കുശേഷം കൊടിയേറും. യാഗം നടന്ന സ്ഥലം എന്നർത്ഥമുള്ള 'യാഗൂര്' ലോപിച്ചാണ് ലാലൂര് എന്ന പേരുണ്ടായത്. പരശുരാമനാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ ദേവി ബാലഭാവത്തിലാണ് കുടികൊള്ളുന്നത്. വെടിക്കെട്ട്, കടുംനിറവസ്ത്രങ്ങൾ എന്നിവ ഇവിടെ പതിവില്ല. എട്ടരയടി ഉയരമുള്ള ബലിക്കല്ല് ഇവിടുത്തെ പ്രത്യേകതയാണ്.
പൂരദിവസം രാവിലെ ആറുമണിക്ക് മൂന്നാനപ്പുറത്ത് പുറപ്പെടുന്ന ദേവി പഞ്ചവാദ്യത്തോടൊപ്പം കോട്ടപ്പുറത്തെത്തി ആനകളോടൊപ്പം മേളം ആരംഭിക്കും. വടക്കുന്നാഥ സന്നിധിയിൽ വണങ്ങി തിരിച്ചെത്തും. വൈകീട്ട് ആറുമണിക്ക് വീണ്ടും വടക്കുന്നാഥനെ വണങ്ങാനായി പുറപ്പെടും.
Photo and News Source: Samakalika Malayalam



