കാസർഗോഡ് കുമ്പളയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ച് യുവാവ് അറസ്റ്റിലായി. മംഗലാപുരം ഉള്ളാൾ പെർമന്നൂർ സ്വദേശിയായ സയ്യിദ് അഫ്രിദി (28) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ 12.10 ഓടെ ഷിറിയ മുട്ടത്തെ നാഷണൽ ഹൈവേ 66ന് സമീപം വെച്ചാണ് സംഭവം.
കുമ്പള സബ് ഇൻസ്‌പെക്ടർ സനീത് സിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മറ്റൊരു കേസിലെ പ്രതികളെ തിരയുന്നതിനിടയിലായിരുന്നു അഫ്രിദിയെ കണ്ടെത്തിയത്. പോലീസ് വാഹനത്തിന്റെ വെളിച്ചം കണ്ട അഫ്രിദി സ്കൂട്ടറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ലതർ പൗച്ചിൽ 19.340 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പ്രതി മയക്കുമരുന്ന് വിൽപനയ്ക്കായി കൊണ്ടുവന്നതായി പോലീസിനോട് സമ്മതിച്ചു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടിയും പോലീസ് പിടിച്ചെടുത്തു. പ്രതിയുടെ പക്കൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും 400 രൂപയും കണ്ടുകെട്ടി. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Photo and News Source: Kairali News



