തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തിങ്കളാഴ്ച മുതൽ ചൂടിന് അല്പം ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. വടക്കേ കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലുണ്ടായിരുന്ന എതിര്‍ ചക്രവാതം സംസ്ഥാനത്ത് താപനില വളരെ കഠിനമായി ഉയരാന്‍ കാരണമായി.
രാത്രി സമയത്തും അന്തരീക്ഷം തണുക്കാതെ, കഠിനമായ ചൂട് അനുഭവപ്പെട്ടു. ഇടിമഴമേഘങ്ങളെ തടഞ്ഞതും ഉയര്‍ന്ന താപനില തുടരാന്‍ കാരണമായി. ഇന്നത്തോടെ എതിര്‍ ചക്രവാതം ദുർബലമാകുമെന്നും, അന്തരീക്ഷം കൂടുതൽ തണുക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കൂടാതെ, മഴമേഘങ്ങളുടെ പ്രവേശനം മൂലം ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഏപ്രിൽ അവസാനത്തോടെ വേനല്‍ മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും സാധാരണയെക്കാള്‍ 2-3 ഡിഗ്രി സെന്റീഗ്രേഡ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെന്റീഗ്രേഡ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. കൊല്ലം ജില്ലയിൽ 39 ഡിഗ്രിയും, കോട്ടയം ജില്ലയിൽ 38 ഡിഗ്രിയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെന്റീഗ്രേഡും താപനില ഉയരാന്‍ സാധ്യതയുണ്ട്.
Photo and News Source: Samakalika Malayalam


