കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി എ.ഡി. തോമസ് വിജയിച്ചു. 30-കാരനായ തോമസ്, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദന സംഭവത്തിലൂടെ സംസ്ഥാന ശ്രദ്ധ നേടിയ വ്യക്തിയാണ്. 2011 മുതൽ സി.പി.എം കൈവശം വച്ചിരുന്ന ഈ സീറ്റ് കോൺഗ്രസ് തിരിച്ചുപിടിച്ചു. സിറ്റിംഗ് എം.എൽ.എയും സി.പി.എം നേതാവുമായ പി.പി. ചിത്തരഞ്ജനെ 21,015 വോട്ടുകൾക്ക് തോമസ് പരാജയപ്പെടുത്തി.
2024-ൽ മുഖ്യമন্ত্রി പിണറായി വിജയൻ നയിച്ച നവകേരള സദസ്സിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ തോമസ് കറുത്ത കൊടി വീശിയിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചതായി ആരോപണമുയർന്നു. രക്തത്തില്‍ കുളിച്ച തോമസിന്റെ മുഖം മാധ്യമങ്ങളിൽ വലിയ ചർച്ചയായി. പിണറായി സർക്കാരിന്റെ 'അസഹിഷ്ണുതയുടെ' അടയാളമായി കോൺഗ്രസ് ഈ സംഭവം ഉയർത്തിക്കാട്ടി.
നിലവിൽ കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റായ തോമസ്, മാരാരിക്കുളം തീരത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചു. 17-ാം വയസ്സുമുതൽ പിതാവിനൊപ്പം കടലിൽ പോയി. മാതാപിതാക്കളായ ഡൊമിനിക് ജാക്സണും അക്കമ്മയും സഹിച്ച കഷ്ടപ്പാടുകൾ അദ്ദേഹത്തെ പോരാട്ടവീഥികളിലേക്ക് നയിച്ചു. കടലിൽ പോകുന്നതിനൊപ്പം പെട്രോൾ പമ്പുകളിൽ ജോലി ചെയ്തും സ്കൂൾ കുട്ടികൾക്ക് ട്യൂഷൻ എടുത്തും സ്വന്തം പഠനച്ചെലവ് കണ്ടെത്തി. ജോലിക്കും രാഷ്ട്രീയ പ്രവർത്തനത്തിനുമിടയിൽ ഹിസ്റ്ററിയിൽ ബിരുദം പൂർത്തിയാക്കി.
തിരഞ്ഞെടുപ്പ് തിരക്കുകളിലും അതിരാവിലെ അച്ഛനും അനുജനുമൊപ്പം മീൻ പിടിക്കാൻ പോകുന്ന തോമസിന്റെ ചിത്രം ആലപ്പുഴക്കാർക്ക് പരിചിതമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉച്ചത്തിൽ വിളിച്ചുപറയുമെന്ന ആത്മവിശ്വാസമാണ് ഈ മുപ്പതുകാരന്.
Photo and News Source: Sathyam Online









