ഐപിഎല്ലിൽ 15 കാരനായ വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് ടീം കളിപ്പിക്കുന്നതിനെതിരെ ബാലവേല ആരോപണം ഉയർന്നിട്ടുണ്ട്. കർണാടക സ്വദേശിയായ സാമൂഹിക പ്രവർത്തകൻ സി.എം. ശിവകുമാർ നായക്, വൈഭവിനെ പ്രൊഫഷണൽ ക്രിക്കറ്റിന്റെ സമ്മർദ്ദത്തിലേക്ക് വലിച്ചെറിയുന്നതിനെതിരെ രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് പ്രഖ്യാപിച്ചു. 15 വയസുകാരനായ ഒരു കുട്ടിയെ ഐപിഎൽ പോലുള്ള വാണിജ്യ ലീഗിൽ പങ്കെടുപ്പിക്കുന്നത് 'ബാലവേല'യാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് ചൂഷണം ചെയ്യുകയാണെന്നും, ഈ പ്രായത്തിൽ കുട്ടി സ്‌കൂളിൽ പോയി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ശിവകുമാർ വാദിക്കുന്നത്. ബാലാവകാശ നിയമങ്ങൾ ലംഘിച്ചതിന് ടീമിനെതിരെ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാനുള്ള കുറഞ്ഞ പ്രായപരിധി 15 വയസ്സാണെന്ന് ഐസിസി നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ വൈഭവിന് 15 വയസ്സ് പൂർത്തിയായതിനാൽ ഐസിസി മാനദണ്ഡപ്രകാരം താരത്തിന് കളിക്കുന്നതിൽ തടസ്സമില്ല.
തന്‍റെ 14-ാം വയസ്സിൽ വൈഭവ് അണ്ടർ-19 ലോകകപ്പ് കളിച്ചത് നിയമവിരുദ്ധമാണെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ, അസാധാരണ പ്രതിഭയുള്ള താരങ്ങൾക്ക് 15 വയസ്സിന് മുൻപും രാജ്യാന്തര മത്സരങ്ങളിൽ കളിക്കാൻ ഐസിസി പ്രത്യേക അനുമതി നൽകാറുണ്ട്. ഇതനുസരിച്ചാണ് വൈഭവ് അന്ന് ഇന്ത്യക്കായി കളിച്ചത്. ബിസിസിഐയുടെ പുതിയ നിയമപ്രകാരം, അണ്ടർ-19 താരങ്ങൾ ഐപിഎല്ലിൽ കളിക്കണമെങ്കിൽ അവർ കുറഞ്ഞത് ഒരു ഫസ്റ്റ് ക്ലാസ് മത്സരമെങ്കിലും കളിച്ചിരിക്കണം. വൈഭവ് സൂര്യവംശിയുടെ കാര്യത്തിൽ ഈ നിബന്ധനയിൽ ഒരു പിഴവുമില്ല.
വെറും 12-ാം വയസിൽ ബിഹാറിനായി മുംബൈയ്ക്കെതിരെ രഞ്ജി ട്രോഫി കളിച്ചാണ് വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ക്രിക്കറ്റ് ഭരണസമിതികളുടെ നിയമങ്ങൾ വൈഭവിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, രാജ്യത്തെ പൊതുവായ 'ബാലവേല നിരോധന നിയമങ്ങൾ' ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ നീങ്ങുന്നത്. കായിക മേഖലയെ ഈ നിയമത്തിന്‍റെ പരിധിയിൽ നിന്ന് മുൻപ് പലപ്പോഴും കോടതികൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, കോടികൾ മറിയുന്ന ഐപിഎൽ കരാറുകൾ ഇതിൽ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.
Photo and News Source: Asianet News










