2026 ലെ മെറ്റ് ഗാലയിൽ ഇന്ത്യൻ ഫാഷൻ ലോകം തിളങ്ങി. പ്രമുഖ വ്യക്തികളും ഡിസൈനർമാരും അവരുടെ അസാധാരണമായ ലുക്കുകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. ഇഷ അംബാനി സ്വർണ്ണ സാരിയും വജ്രങ്ങൾ പതിപ്പിച്ച ബ്ലൗസും അണിഞ്ഞെത്തി. സെലിബ്രിറ്റി ഡിസൈനർ ഗൗരവ് ഗുപ്തയുടെ സാരിയായിരുന്നു അത്. നിത അംബാനിയുടെ ശേഖരത്തിൽ നിന്നുള്ള അപൂർവ വജ്രങ്ങൾ, മരതകം, പരമ്പരാഗത പോൾക്കി, കുന്ദൻ വജ്രങ്ങൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം വിലപിടിപ്പുള്ള കല്ലുകൾ 1800 കാരറ്റിൽ അധികം ഭാരമുള്ള വസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ചിരുന്നു.
കരൺ ജോഹർ രാജകീയതയും ഇന്ത്യൻ പൈതൃകവും ഒരുമിച്ചുചേർന്ന ലുക്കിലായിരുന്നു. വിഖ്യാത ചിത്രകാരൻ രാജാ രവി വർമ്മയുടെ ചിത്രങ്ങളിൽ നിന്നുള്ള പ്രചോദനത്തോടെ മനീഷ് മൽഹോത്ര രൂപകൽപ്പന ചെയ്ത വസ്ത്രം ഇന്ത്യൻ കലയും ആധുനിക ഫാഷനും തമ്മിലുള്ള മനോഹരമായ സംഗമമായി മാറി. കൈകൊണ്ട് വരച്ച ചിത്രങ്ങളും സ്വർണ്ണ നൂലുകളിൽ തീർത്ത ആഭരണങ്ങളും ചേർന്നതായിരുന്നു ആ വസ്ത്രം. മുംബൈ നഗരത്തോടുള്ള സ്നേഹം പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ദോരി, സർദോസി, ചിക്കൻകാരി പണികൾ നിറഞ്ഞ ബാന്ധ്ഗാലയും കേപ്പും ധരിച്ചാണ് മനീഷ് മൽഹോത്ര മെറ്റ് ഗാലയിൽ എത്തിയത്.
റോബർട്ട് വുൻ രൂപകൽപ്പന ചെയ്ത കറുത്ത ഗൗണിനൊപ്പം സുബോധ് ഗുപ്ത ഒരുക്കിയ മെറ്റാലിക് ഫേസ് മാസ്കും ധരിച്ചാണ് അനന്യ എത്തിയത്. ഫാഷനും കലയും ഒരുമിച്ച് ചേർന്ന അപൂർവ ലുക്കിലായിരുന്നു അവർ. ബ്രിട്ടീഷ് കലാകാരൻ മാർക്ക് ക്വിൻ ഒരുക്കിയ ശില്പകലാരൂപമായ ‘ഓർക്കിഡ് പെക്റ്ററൽ’, ഡോൾസ് ആൻഡ് ഗബ്ബാനയുടെ വെളുത്ത ഗൗണിനൊപ്പമാണ് അവർ അണിഞ്ഞത്.
ജയ്പൂർ രാജകുമാരി ഗൗരവി കുമാരി തന്റെ മുത്തശ്ശി മഹാറാണി ഗായത്രി ദേവി ധരിച്ചിരുന്ന സാരി ഗൗണായി മാറ്റി മെറ്റ് ഗാലയിൽ പ്രൗഢിയോടെ അരങ്ങേറ്റം കുറിച്ചു. രാജസ്ഥാനി ശൈലിയിലുള്ള എംബ്രോയിഡറി കോട്ടിലൂടെ സവായ് പത്മനാഭ് സിങും മെറ്റ് ഗാലയിൽ ശോഭിച്ചു. മനീഷ് മൽഹോത്രയും സ്റ്റൈലിസ്റ്റ് മരിയൽ ഹെയ്‌നും ചേർന്നൊരുക്കിയ ‘ട്രീ ഓഫ് ലൈഫ്’ എന്ന വസ്ത്രമാണ് സുധ ധരിച്ചത്. 3,000 വർഷം പഴക്കമുള്ള കലംകാരി കലാരൂപത്തെ വെൽവെറ്റ്, ഗോൾഡ് സാരി, സർദോസി വർക്ക് എന്നിവയിലൂടെ ആധുനിക രീതിയിൽ അവതരിപ്പിച്ചു. ഏകദേശം 125 കോടി രൂപ മൂല്യമുള്ള നെക്ലേസ് ആയിരുന്നു അവരുടെ ലുക്കിലെ ഏറ്റവും ആകർഷകമായ ഘടകം.
Photo and News Source: Samakalika Malayalam









