ന്യൂഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. കോൺഗ്രസ്, തൃണമൂല് കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ പാർട്ടികളുടെ സ്വാർത്ഥ താല്പര്യങ്ങളാണ് ബില്ലിന്റെ പതനത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ പകുതി ജനസംഖ്യയുടെ അവകാശങ്ങൾ തടഞ്ഞവർക്ക് വലിയ വില നല്കേണ്ടി വരുമെന്നും മോദി മുന്നറിയിപ്പ് നൽകി. രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ഉന്നമനം തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബിൽ പരാജയപ്പെട്ടപ്പോൾ പാർലമെന്റിൽ കൈയടിച്ച ‘കുടുംബ പാർട്ടികൾ’ സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് പരിഹസിച്ചത്.

2029 മുതൽ രാജ്യത്ത് വനിതാ സംവരണം പ്രായോഗികമാക്കാനുള്ള സത്യസന്ധമായ നീക്കമാണ് സർക്കാർ നടത്തിയത്. ‘നാരീശക്തി വന്ദൻ നിയമം’ നടപ്പിലാക്കാനായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചവരെ കൃത്യമായി അടയാളപ്പെടുത്തുമെന്നും മോദി പറഞ്ഞു. സ്ത്രീകളെ രാഷ്ട്രീയ ആയുധമായി കാണുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് അദ്ദേഹം തുറന്നുകാട്ടി.

Photo and News Source: Janam TV